relationship

എല്ലാവർക്കും മാതൃക ഇവർ മകൾക്ക് നൽകിയ പാവ

Anish | Jul 01 2019
Beyond

കാലം എത്ര പുരോഗമനത്തിന്റെ പാതയിലാണെന്ന് പറഞ്ഞാലും വർണ്ണവിവേചനത്തിന്റെ നാളുകൾ ഇനിയും നമ്മുടെ സമൂഹത്തിൽ നിന്ന് അസ്തമിച്ചിട്ടില്ല. വെളുപ്പ് നിറത്തിനാണ് എവിടെയും മുൻ‌തൂക്കം എന്ന് തെളിയിക്കുന്നതാണ് ബാർബി ഡോളുകൾ പോലുള്ള പാവകൾ പോലും. ഭംഗിയെന്നാൽ വെളുപ്പ് മാത്രമാണെന്ന് ചെറുപ്പത്തിലേ കുട്ടികളിൽ ചിന്തജനിപ്പിക്കാൻ ഇത്തരം വസ്തുക്കൾക്ക് സാധിക്കുന്നുണ്ട്.

ഇനിയെങ്കിലും ഇത്തരം സ്റ്റീരിയോടൈപ്പുകൾക്ക് അറുതിവരുത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് കഴിഞ്ഞ ദിവസം സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം.

ഒരു യാത്രയ്ക്ക് പോകാൻ വേണ്ടി തയ്യാറെടുക്കുന്ന തന്റെ മകളുടെ ബാഗും കൂടെ കൂട്ടിയ ഒരു പാവയുമാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. സാധാരണയായി നമ്മൾ കാണുന്ന വെളുത്ത് ചുമന്നിരിക്കുന്ന പാവയല്ല പ്രിത്വിരാജിന്റെയും സുപ്രിയയുടെയും മകളായ അലംകൃതയുടെ കയ്യിലുള്ളതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അമേരിക്കയെ അല്ല ആ ചെറിയ പാവ പ്രതിനിധാനം ചെയ്യുന്നത്. എന്നും വർണ്ണവിവേചനത്തിന്റെ ഇരകളായി സമൂഹത്തിൽ നിന്നും അകറ്റപ്പെട്ടിട്ടുള്ള ആഫ്രിക്കൻ മനുഷ്യരാണ് പാവയിൽ പ്രതിധ്വനിക്കുന്നത്.

മകൾക്ക് ഈ പാവ നൽകിയതിന്റെ ഔചിത്യത്തെ പറ്റിയൊന്നും സുപ്രിയ പരാമർശിച്ചിട്ടില്ലെങ്കിലും, കുട്ടികൾക്ക് ചെറുപ്പം മുതലേ ഇത്തരം ചിന്താഗതികൾ വരാതിരിക്കാൻ ആ മാതാപിതാക്കൾ ശ്രദ്ധിക്കുന്നുവെന്ന് ചിത്രം കാണുന്ന ഏതൊരാൾക്കും മനസിലാകും.

ബോധവത്കരണങ്ങളിലൂടെയോ പുസ്തകങ്ങളിലൂടെയോ ഇനിയും മനുഷ്യർക്ക് മനസിലാവാത്ത കാര്യങ്ങളാണ് നിറവും ജാതിയും ഒക്കെ പറഞ്ഞുള്ള വിവേചനങ്ങൾ നീചമായ പ്രവർത്തികളാണെന്ന്. വരും തലമുറയില്ലെങ്കിലും ഇത്തരം ദുഷ്ചിന്തകൾ പടരാതിരിക്കണമെങ്കിൽ ഓരോ കുട്ടികളിലും മാതാപിതാക്കൾ ഇത്തരം നല്ല പാഠങ്ങളും ഉദാഹരണങ്ങളും കാട്ടി കൊടുക്കണം. കറുപ്പെന്നോ വെളുപ്പെന്നോ നോക്കാതെ മനുഷ്യരെയും വസ്തുക്കളെയും സ്നേഹിക്കാൻ ഓരോ കുട്ടിക്കും മാതാപിതാക്കൾ പഠിപ്പിച്ചു കൊടുക്കണം