പൊളിച്ചെഴുതാം ഈ ചിന്താഗതികൾ: മാതാപിതാക്കൾ സജ്ജരാകണം മുലയൂട്ടൽ ശക്തമാക്കണം

TeamCitymapia | Aug 07 2019

മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതാനാണ് എല്ലാവർഷും ആഗസ്റ്റ് 1 മുതൽ 7 വരെയുള്ള ഒരാഴ്ചക്കാലം മുലയൂട്ടൽ വാരമായി ലോകമെമ്പാടും ആചരിക്കുന്നത്. മുലയൂട്ടൽ ഒരു സാധാരണവും അതേപോലെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അനിവാര്യവുമായ ഒരു പ്രക്രിയയാണെന്ന് സമൂഹത്തെ ബോധവത്കരിക്കുകയാണ് ഇത്തരത്തിലുള്ള ആചാരണങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. 'മാതാപിതാക്കളെ സജ്ജരാകുക, മുലയൂട്ടൽ ശക്തമാക്കുക' എന്നതാണ് ഈ വർഷത്തെ മുലയൂട്ടൽ വാരാചരണം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ദില്ലി, ലക്ക്‌നൗ, ആഗ്ര, പാറ്റ്ന, ജയ്‌പൂർ, കൊൽക്കത്ത, നാഗ്പ്പൂർ, ബെംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിരവധി പരിപാടികളാണ് മുലയൂട്ടൽ വാരവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. 

മുലയൂട്ടൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷികമാണെന്നുള്ളത് പോലെ തന്നെ അമ്മമാർക്കും നിരവധി ഗുണങ്ങളാണ് മുലയൂട്ടൽ വാഗ്ദാനം ചെയ്യുന്നത്. സ്തനാർബുദം, ഒവേറിയൻ കാൻസർ, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഒരു പരിധിവരെ വരെ തടയാൻ ശരിയായ മുലയൂട്ടലിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

കുഞ്ഞിന്റെ ജനനത്തിന് ഒരുമണിക്കൂർ ശേഷം മുതൽ ആറ് മാസം വരെ നിർബന്ധമായും മുലപ്പാൽ നൽകണമെന്നാണ് ലോകാരോഗ്യ സംഘടന പോലും പറഞ്ഞിട്ടുള്ളത്. 

എന്നിട്ടും, സ്ത്രീകൾക്ക് സ്വസ്ഥമായി അവരുടെ കുഞ്ഞുങ്ങൾക്ക് വിശക്കുമ്പോഴെല്ലാം മുലപ്പാൽ നൽകാനുള്ള സാഹചര്യമോ സംവിധാനങ്ങളോ നമ്മുടെ സമൂഹത്തിൽ ഇല്ലായെന്നതാണ് വാസ്തവം. പൊതുസ്ഥലങ്ങളിൽ വെച്ച് പാലൂട്ടുന്ന അമ്മമാർ നേരിടേണ്ടിവരുന്ന അപമാനവും, അവഹേളനവും ചെറുതല്ല. ഒളിഞ്ഞുനോട്ടം തുടങ്ങി പരിഹാസത്തിൽ വരെയാകും അത്തരം സന്ദർഭങ്ങൾ എത്തിനിൽക്കുക. സ്വന്തം കുഞ്ഞിന് മുലപ്പാൽ നൽകുമ്പോഴാണ് ഒരു സ്ത്രീ ഇത്രയും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതെന്ന് ആലോചിക്കണം. 

സമൂഹത്തിലെ ഇത്തരം ചിന്താഗതികളെ തച്ചുടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലെ പ്രമുഖ മാഗസിനായ 'ഗൃഹലക്ഷ്മി' തങ്ങളുടെ കവർ പേജായി ഒരു മുലയൂട്ടുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വെച്ചത്. എന്നാൽ, അത് കേരളത്തിൽ മാത്രമല്ല രാജ്യവ്യാപകമായി വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഒരുപക്ഷെ, ഒരു പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്ന വർത്തയേക്കാൾ സദാചാരവാദികളെ ചൊടിപ്പിച്ചത് ഈ ചിത്രമായിരുന്നു. ഒരു സ്ത്രീ മുലയൂട്ടുന്ന ചിത്രം പരസ്യമായി പ്രദർശിപ്പിക്കുന്നത് ഭാരതീയ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെയാണ് ബാധിക്കുന്നതെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അന്ന് വാദിച്ചു.

2002ൽ 'ടൈം' മാഗസിനിന്റെ കവർ പേജിനായി ജാമി ഗ്രുമറ്റ് എന്ന യുവതി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം നൽകിയപ്പോൾ അവർക്ക് നേരെ വധഭീഷണി പോലും ഉണ്ടായിട്ടുണ്ടെന്നത് ചരിത്രം. 2015ൽ നിക്കോളോ ട്രുൺഫിയോ എന്ന ഓസ്‌ട്രേലിയൻ മോഡൽ നേരിട്ടതും ഇതേ അവസ്ഥ തന്നെ.

പൊതുനിരത്തിൽ കുഞ്ഞിനെ മുലയൂട്ടുന്നത് ഈ കാലഘട്ടത്തിലും വലിയ അപാനമായാണ് കരുതുന്നതെന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെ.   അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് ഏതു പൊതുനിരത്തിലും തുറിച്ചുനോട്ടങ്ങളെ ഭയപ്പെടാതെ മുലയൂട്ടുന്നതിനുള്ള സാഹചര്യം ഒരുങ്ങുക അനിവാര്യമാണ്.